
വെടിക്കെട്ട് ഒഴിവാക്കി കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹഭവനത്തിന്റെ കൂദാശ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കുന്നു.
വാളകം : വെടിക്കെട്ടിന്റെ നൈമിഷിക സന്തോഷം വേണ്ടെന്ന് കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി തീരുമാനിച്ചപ്പോൾ സഫലമായത് അർഹരായ കുടുംബത്തിന് സ്വപ്നഭവനം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലങ്കരസഭയുടെ ദേവാലയങ്ങളിൽ വെടിക്കെട്ട് ഉപേക്ഷിച്ച് ആ തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തിരുന്നു. ബാവായുടെ സ്നേഹചലഞ്ച് ഏറ്റെടുത്താണ് കടമറ്റം പള്ളി ഭവനം നിർമ്മിച്ചത്. കെ . ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ,വാളകം ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നിർമ്മിച്ച് നൽകിയ വീടിന്റെ കൂദാശയും താക്കോൽ ദാനവും പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു.
ആർഭാടങ്ങൾക്കായി നീക്കിവെക്കുന്ന തുക മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകരുമെങ്കിൽ അത്തരം പ്രവർത്തികളിലാണ് ഈശ്വരൻ പ്രസാദിക്കുന്നതെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. കടമറ്റം പള്ളി അംഗങ്ങളായ അർഹരായ കുടുംബത്തിനാണ് ഭവനം കൈമാറിയത്.രണ്ട് കിടപ്പുമുറികളും, ഹാൾ, അടുക്കള, വരാന്ത, വർക്ക് ഏരിയ എന്നിവ ഉൾക്കൊള്ളുന്നതാണ് വീട്. വികാരി ഫാ. റോബിൻ മർക്കോസ്, ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ്, ഫാ. എൽദോ മത്തായി,സഹ വികാരി ഫാ. ജോമോൻ കെ ജോർജ്, ട്രസ്റ്റിമാരായ സി. കെ. ജോർജ്, വി. എ. ജോയ്, വാളകം പഞ്ചായത്ത് പ്രസിഡന്റ് രജിത സുധാകരൻ, വൈസ് പ്രസിഡന്റ് ജിജോ പാപ്പാലി, പ്രാർത്ഥനാ യോഗം യൂണിറ്റ് സെക്രട്ടറി സോജൻ വർഗീസ്,വാളകം ലയൺസ് ക്ലബ് പ്രസിഡന്റ് ഗില്‍സണ്‍ തോമസ്, സെക്രട്ടറി ജോസ്. ഒ. പി., ട്രഷറർ ജോയി ജോസഫ്, യു. റോയ് എന്നിവർ സന്നിഹിതരായിരുന്നു.
Photo Courtesy - Google








